This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോയ്ബര്‍, ആല്‍ഫ്രെഡ് ലൂയി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോയ്ബര്‍, ആല്‍ഫ്രെഡ് ലൂയി

Kroeber, Alfred Louis (1876 - 1960)

യു.എസ്. നരവംശ ശാസ്ത്രജ്ഞന്‍. 1876 ജൂണ്‍ 11-ന് ന്യൂജഴ്സിയിലെ ഹോബോകെന്‍ എന്ന സ്ഥലത്തു ജനിച്ചു. 1897-ല്‍ കൊളംബിയാ സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ബിരുദമെടുത്തു. ഫ്രാന്‍സ് ബോസിന്റെ കീഴില്‍ അരാപാഹോ എന്ന ഗോത്രത്തെക്കുറിച്ചുള്ള ഗവേഷണത്തില്‍ പിഎച്ച്.ഡി. ബിരുദംനേടി (1901). 1901-ല്‍ ഇദ്ദേഹമാണ് ബര്‍ക്കിലിയിലെ കാലിഫോര്‍ണിയാ സര്‍വകലാശാലയില്‍ (University of California, Berkeley) നരവംശശാസ്ത്രവകുപ്പ് സ്ഥാപിച്ചത്. 1946-ല്‍ ഇദ്ദേഹം ജോലിയില്‍ നിന്നു വിരമിക്കുന്നതുവരെ തത്സ്ഥാനത്തു തുടര്‍ന്നു. പിന്നീട് ബ്രാന്‍ഡൈസ്, ഷിക്കാഗോ, കൊളംബിയ, ഹാര്‍വാഡ്, യേല്‍ എന്നീ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

കാലിഫോര്‍ണിയയിലെ അമേരിന്ത്യരെക്കുറിച്ചാണ് ഇദ്ദേഹം കൂടുതല്‍ ഗവേഷണം നടത്തിയിട്ടുള്ളത്. ഇതോടൊപ്പം സമതലങ്ങളിലെ ഇന്ത്യന്‍ ഗോത്രങ്ങളെക്കുറിച്ചും സുബി ഗോത്രങ്ങളെക്കുറിച്ചും പഠനങ്ങള്‍ നടത്തി. കാലിഫോര്‍ണിയ, മെക്സിക്കോ, പെറു എന്നിവിടങ്ങളിലെ പുരാവസ്തു വിജ്ഞാനം, ഭാഷാശാസ്ത്രം, നാടോടി സാഹിത്യം, ഗോത്രബന്ധങ്ങള്‍, സാമൂഹിക ഘടന എന്നിവയെക്കുറിച്ച് ഏറ്റവും കൂടുതല്‍ പഠനം നടത്തിയിട്ടുള്ളത് ഇദ്ദേഹമാണ്. നരവംശശാസ്ത്രപഠനത്തിന് ആദ്യമായി ഒരു ഗ്രന്ഥം രചിച്ചതും ഇദ്ദേഹമാണ് (ആന്ത്രോപോളജി, 1923).

അമേരിക്കന്‍ ആന്ത്രോപ്പോളജിക്കല്‍ അസോസിയേഷന്റെ സ്ഥാപകാംഗങ്ങളിലൊരാളായ ഇദ്ദേഹം 1917-ല്‍ അതിന്റെ അധ്യക്ഷനായി. അമേരിക്കന്‍ ഫോക്ലോര്‍ സൊസൈറ്റി (1906), ലിങ്ഗ്വിസ്റ്റിക് സൊസൈറ്റി ഒഫ് അമേരിക്ക (1940) എന്നീ സംഘടനകളുടെ അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോയല്‍ ആന്ത്രോപ്പോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹക്സ്ലി മെമ്മോറിയല്‍ മെഡലും (1945), വെന്നെര്‍-ഗ്രെന്‍ ഫൌണ്ടേഷന്‍ ഫോര്‍ ആന്ത്രോപ്പോളജിക്കല്‍ റിസര്‍ച്ചിന്റെ വൈക്കിങ് മെഡലും (1946) ഇദ്ദേഹത്തിനു ലഭിച്ചു. കാലിഫോര്‍ണിയ, ഷിക്കാഗോ, കൊളംബിയ, ഹാര്‍വാഡ്, യേല്‍ എന്നീ സര്‍വകലാശാലകള്‍ ബഹുമതി ബിരുദങ്ങള്‍ നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇദ്ദേഹം 500-ലധികം ലേഖനങ്ങളും നിരവധി പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച പ്രമുഖ ഗ്രന്ഥങ്ങള്‍ പീപ്പിള്‍സ് ഒഫ് ദ് ഫിലിപ്പിന്‍സ് (1919). ഹാന്‍ഡ് ബുക്ക് ഒഫ് ദി ഇന്ത്യന്‍സ് ഒഫ് കാലിഫോര്‍ണിയ (1925), കള്‍ച്ചറല്‍ ആന്‍ഡ് നാച്വുറല്‍ ഏരിയാസ് ഒഫ് നേറ്റീവ് നോര്‍ത്ത് അമേരിക്ക (1939), സ്റ്റിമുലസ് ഡിഫ്യൂഷന്‍ (1940), ത്രീ സെഞ്ച്വറീസ് ഒഫ് വിമെന്‍സ് ഡ്രസ് ഫാഷന്‍ (1940), പെറൂവിയന്‍ ആര്‍ക്കിയോളജി ഇന്‍ 1942 (1944), കോണ്‍ഫിഗറേഷന്‍സ് ഒഫ് കള്‍ച്ചര്‍ ഗ്രോത്ത് (1944), എ മൊഹാസേ ഹിസ്റ്റോറിക്കല്‍ എപിക് (1951), കള്‍ച്ചര്‍ എ. ക്രിറ്റിക്കല്‍ റിവ്യൂ (1952), ദ് നേച്ചര്‍ ഒഫ് കള്‍ച്ചര്‍ (1952), സ്റ്റൈല്‍ ആന്‍ഡ് സിവിലിസേഷന്‍സ് (1957), സ്പാര്‍ക്മാന്‍ ഗ്രാമര്‍ ഒഫ് ലൂയിസെനോ (1960) എന്നിവയാണ്. 1960 മേയ് 5-ന് പാരിസില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍